കൊച്ചി: ഗതാഗത നിയമം ലംഘിച്ച് വാഹനങ്ങളിൽ എയർഹോണുകൾ ഘടിപ്പിച്ചതിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളിൽനിന്ന് എയർഹോണുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതുവരെ പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരമാണ് ഇത്തരം ഒരു നടപടി. പിടിച്ചെടുത്ത എയർഹോണുകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് റോഡ് റോളർ ഉപയോഗിച്ച് തകർത്തത്.
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥർ സംസ്ഥാനതലത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊച്ചിയിലുടനീളം വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. അടുത്തിടെ സംസ്ഥാനത്തെ പല ജില്ലകളിലും നടന്ന എയർഹോൺ പരിശോധനകളിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ശബ്ദ മലിനീകരണവും ഗതാഗത അപകട സാധ്യതയും കുറയ്ക്കുന്നതിനായി ഇത്തരം കർശന നടപടികൾ തുടരുമെന്ന് എംവിഡി വ്യക്തമാക്കി.
















