Homepage Featured India News

കോഴ നൽകാത്തതിനാൽ സീറ്റ് നിഷേധിച്ചു; ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ആർജെഡി നേതാവ്

പട്ന: കോഴ നൽകാത്തതിനാൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ ആർജെഡി നേതാവിന്റെ പ്രതിഷേധം. മുതിർന്ന നേതാവ് മദൻ ഷായാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സങ്കടം സഹിക്കാനാകാതെ അദ്ദേഹം ഷർട്ട് വലിച്ചു കീറുകയും പൊട്ടിക്കരയുകയും ചെയ്തു.

വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവ് സീറ്റ് വാ​ഗ്ദാനം ചെയ്തെന്നും എന്നാൽ സഞ്ജയ് യാദവ് എന്ന ആർജെഡി നേതാവ് ആവശ്യപ്പെട്ട 2.7 കോടി കോഴ നൽകാത്തതിനാൽ പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചെന്നാണ് ഇയാൾ പറയുന്നത്. മധുബാൻ നിയോജക മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് മദൻ ഷാ.

പണം കൈമാറാത്തതിനാലാണ് മധുബാൻ നിയോജക മണ്ഡ‍ലത്തിലെ സീറ്റ് തനിക്കു പകരം സന്തോഷ് കുഷ്വാകയ്ക്ക് നൽകിയതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കോഴയാവശ്യപ്പെട്ട സഞ്ചയ് യാ​ദവ് ആർജെഡിയുടെ ബിഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.

ഇന്നു രാവിലെയാണ് മദൻഷാ ആരോപണവുമായി രം​ഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ മദൻഷാ കരയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയധികം കോഴ കൊടുത്ത് സീറ്റ് നേടുന്നവർ എന്തു തരത്തിലാകും മണ്ടലത്തിൽ പ്രവർത്തിക്കുകയെന്ന് ഊഹിക്കാമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.

Related Posts