പന്തളം: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണയാത്രയിൽ ഏറെ നേരം വിട്ടു നിന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. തുടർന്ന് ശനിയാഴ്ച ഏറെ വൈകി പന്തളത്ത് നടന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ മുരളീധരൻ എത്തി. പുന:സംഘടനയിൽ കെ മുരളീധരൻ നിർദ്ദേശിച്ച നോമിനിയെ പരിഗണിക്കാത്തിൽ പ്രതിഷേധിച്ചായിരുന്നു കെ മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്.
അതേസമയം മാധ്യമങ്ങൾ വിശ്വാസ സംരക്ഷണയാത്രയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്നും താൻ കാരണം പരിപാടിക്ക് പബ്ലിസിറ്റി ലഭിച്ചതായും മുരളീധരൻ പറഞ്ഞു. ‘ വീഡിയോ എടുത്ത സമയത്ത് അത് കൊടുക്കാൻ സമയം കിട്ടിയില്ല, യാത്ര നടക്കുമ്പോൾ ഇതൊന്നും കാണിക്കാൻ നേരം കിട്ടിയിരുന്നില്ല. പക്ഷേ ഇന്ന് കാലത്ത് മുതൽ രാത്രി വരെ കണ്ടിന്യൂവസ് ആയി കാണിച്ചു കൊണ്ടിരുന്നു. ഏതായാലും നല്ലൊരു പബ്ലിസിറ്റി തന്നെ ലഭിച്ചു. അൽപം വൈകിയത് നന്നായെന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ’- അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കോൺഗ്രസ് എപ്പോഴും വിശ്വാസികൾക്കൊപ്പമായിരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിക്കകത്ത് പല അഭിപ്രായങ്ങളുമുണ്ടാകും, അഭിപ്രായം ഉള്ളിടത്ത് അഭിപ്രായ വ്യത്യാസവും ഉണ്ടാകും. എന്ന് വെച്ച് അത് അടുത്ത പഞ്ചായത്ത് തിരഞ്ഞടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു ശതമാനം പോലും യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ശബരിമല സ്വർണമോഷണം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നാണെന്ന് പാർട്ടിയുടെയും മുന്നണിയുടേയും ശക്തമായ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഎൻ വാസവന്റെ ഒരു ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് യുഡിഎഫ് സമരം ചെയ്യുന്നതെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത് എന്നതിനാലാണ് വിശ്വാസമില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.
‘അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടല്ല, ഇവരൊക്കെ പിണറായിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ്. സത്യസന്ധമായി റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ യോഗേഷ് ഗുപ്തയെന്ന ഐഎഎസ് ഉദ്യോഗസ്ഥന് കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാൻ പോലും സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല’- അദ്ദേഹം ആരോപിച്ചു. കോഴിക്കോട് റീറൽ എസ്.പി ആയിട്ടുള്ള ബൈജു പൊലീസിന് തെറ്റു പറ്റിയെന്ന് പറഞ്ഞതിന് ഇപി ജയരാജൻ ഉൾപ്പെടെ സിപിഎം നേതാക്കൾ പൊതു പരിപാടിയിൽ രൂക്ഷമായി വിമർശിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി അന്വേഷിക്കാൻ പ്രയാസമുണ്ടന്ന് അദ്ദേഹം പറയുന്നു. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അതേസമയം പദയാത്രയുടെ സമാപന ചടങ്ങിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.
















