Homepage Featured Kerala News

ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തു; നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺ​ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

കട ബാധ്യത തീർക്കാൻ വായ്പയെടുക്കാനായി സഹായം തേടി സമീപിച്ചപ്പോൾ ജോസ് ഫ്രാങ്ക്ലിൻ തന്നോട് ലൈം​ഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടതായും അയാൾ പറഞ്ഞതനുസരിക്കാതെ ജീവിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് ആത്മഹത്യയെന്നും കുറിപ്പിൽ പറയുന്നു. ലോൺ തരാമെന്ന് പറഞ്ഞ് ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് കത്തിൽ പറയുന്നു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ പെരുമാറാമോയെന്നും നെയ്യാറ്റിൻകര സ്വദേശിനി കുറിപ്പിൽ എഴുതിയിട്ടുണ്ട്.

‘ബില്ലുകൾ നൽകാൻ ഓഫീസിൽ ചെന്നപ്പോൾ എന്റെ കൈയിൽ പിടിച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ കൂടെ നിൽക്കണമെന്നും വിളിക്കുമ്പോൾ വരണമെന്നും ആഴ്ചയിൽ ഒരിക്കൽ എവിടെയെങ്കിലും വെച്ച് കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യഭാഗങ്ങളിലൊക്കെ പിടിച്ചു. അവന്റെ സ്വകാര്യഭാഗത്തും എന്റെ കൈപിടിച്ചുവെച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ? അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. വൃത്തികെട്ട് എനിക്ക് ജീവിക്കേണ്ട, ഞാൻ മരിക്കുന്നു’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. ലോണിന്റെ കാര്യം എന്തായെന്ന് ചോദിച്ചാൽ എപ്പോൾ കാണും, ഇറങ്ങി വാ എന്നൊക്കെയാണ് ജോസ് ഫ്രാങ്ക്ലിൻ പറയുന്നതെന്നും തനിക്ക് ഇനി ജീവിക്കണ്ട താൻ പോകുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ അവർ പറയുന്നു.

തീക്കൊളുത്തി മരിച്ച നിലയിലായിരുന്നു ആത്മഹത്യ ചെയ്ത വീട്ടമ്മയെ കണ്ടെത്തിയത്. ​ഗ്യാസും തുറന്നുവിട്ടിരുന്നു. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് ഫ്രാങ്ക്ലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇയാൾക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Posts