Homepage Featured India News

7379 കോടി; അറ്റാദായത്തില്‍ 12.8 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്‌ഫോംസ്

പ്രതി ഉപഭോക്താവിന്മേലുള്ള നേട്ടം വര്‍ധിച്ചതോടെ ജിയോയുടെ അറ്റാദായത്തില്‍ കുതിപ്പ്

12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 7379 കോടി രൂപയായാണ് ഉയര്‍ന്നത്

കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 12.8 ശതമാനം വര്‍ധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്‌ഫോംസ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. പ്രതി ഉപഭോക്താവിന്മേലുള്ള നേട്ടത്തില്‍ മികച്ച വര്‍ധന നേടാനായതാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ അറ്റാദായത്തില്‍ നിഴലിച്ചത്. ജിയോ എയര്‍ ഫൈബര്‍ വരിക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃ കമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14.6 ശതമാനം വര്‍ധനയോടെ 36,332 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 31709 കോടി രൂപയായിരുന്നു.

2025 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലെ മൊത്തത്തിലുള്ള വരുമാനം 42,652 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.9 ശതമാനമാണ് വര്‍ധന. പ്രതി ഉപഭോക്താവില്‍ നിന്നുള്ള വരുമാനം (എആര്‍പിയു) 8.4 ശതമാനം വര്‍ധിച്ച് 211.4 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ എആര്‍പിയു 195.1 രൂപയായിരുന്നു.

ഓരോ മാസവും പുതുതായി 10 ലക്ഷം കുടുംബങ്ങളെ തങ്ങളുടെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ജിയോയ്ക്ക് സാധിക്കുന്നു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ശൃംഖലയിലെ മൊത്തം കണക്ഷന്‍ 2.3 കോടിയായി ഉയര്‍ന്നു. അതേസമയം ജിയോ എയര്‍ഫൈബറിനുള്ളത് 95 ലക്ഷം വരിക്കാരാണ്.

Related Posts