ഇടുക്കി: ജില്ലയിലെ മുല്ലപ്പെരിയാർ ഡാമിന്റെ ആർ വൺ 2 & ആർ 3 എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 163 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. 9 മണിയോടുകൂടിയാണ് ഷട്ടർ തുറന്നത്. ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി കൂട്ടാറിൽ ടെംപോ വാൻ ഒഴിക്കിൽപ്പെട്ടു.എസ് ബി ഐ ബാങ്കിനു മുൻപിൽ നിർത്തിയിട്ടിരുന്ന ട്രാവലർ ആണ് ഒഴുകിപ്പോയത്. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് 5,000 ക്യൂ സെക്സ് വെള്ളം വരെ പുറത്തേക്ക് ഒഴുക്കും. ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 71,733 ഘനയടി വെള്ളമാണ്. ഇടുക്കി കല്ലാർ ഡാം തുറന്നിട്ടുണ്ട്.
സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.
ഇടുക്കി കുമളിയിൽ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി കെട്ടിടത്തിലേക്കും മാറ്റി.
ഇടുക്കിയിൽ പലയിടത്തും തീവ്രമഴ രേഖപ്പെടുത്തി
വെള്ളയംകുടി – 188 മില്ലീമീറ്റർ
കുമളി – 188
വണ്ടൻമേട് – 179
കുമ്പുംമേറ്റ് – 188
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 7 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തെക്കു കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇന്ന് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും, തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















