Homepage Featured Kerala News

മഴ കനക്കുന്നു; വടക്കൻ കേരളത്തിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ്, ഒക്ടോബർ 21-ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

Related Posts