സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല.
തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും സ്വർണം ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പരിപാടിയിൽ സംസാരിക്കവേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ‘കള്ളന്മാർ നടത്തിയ കളവ് പുറത്തറിഞ്ഞില്ലെങ്കിൽ അവരത് വീണ്ടുമാവർത്തിക്കും. അതാണ് ശബരിമലയിൽ നടന്നത്. തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് വീണ്ടും സ്വർണം കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുവാദം നൽകിയത്’- വിഡി സതീശൻ പറഞ്ഞു.
അയ്യപ്പ ഭക്തർക്കൊപ്പമാണ് യുഡിഎഫ്. ഗവൺമെന്റിന്റെ അവസാന നാളുകളാണിത്. പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. അതേസമയം വിശ്വാസസംരക്ഷണയാത്രയുടെ ഉത്തര കേരള ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ തൃശ്ശൂരിൽ നിന്നിറങ്ങി പന്തളത്തൊട്ടെത്തിയതുമില്ല എന്ന നിലയിലാണ്. സമാപനത്തിനെത്തേണ്ട ജാഥാ ക്യാപ്റ്റൻ ഗുരുവായൂരേക്ക് പോയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് രാവിലെ വിഡി സതീശൻ കയർത്തിരുന്നു.
കെപിസിസി പുന:സംഘടനയിൽ തന്റെ നോമിനികളെ പരിഗണിക്കാത്തതിൽ മുരളീധരന് എതിർപ്പുണ്ടായിരുന്നു. ഇതാണ് വിശ്വാസ സംരക്ഷണയാത്രയിൽ എത്താത്തതെന്നാണ് മുരളീധരന് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ഇതോടെയാണ് ഉത്തര കേരള വിശ്വാസ സംരക്ഷണ ജാഥ നാഥനില്ലാതെ സംഗമ വേദിയായ പന്തളത്തേക്ക് എത്തേണ്ടി വന്നത്.
ഇത് സംബന്ധിച്ച് തിരുവല്ലയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തയ്യാറായിരുന്നില്ല. അദ്ദേഹം ഗുരുവായൂരിൽ എല്ലാ ഒന്നാം തീയതിയും ദർശനത്തിന് പോകുന്നതാണെന്നും ഇതിൽ കാര്യമൊന്നുമില്ലെന്നും ആയിരുന്നു വിഡി സതീശൻ്റെ പ്രതികരണം. ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് കയർത്തിരുന്നു.
ഇല്ലാത്ത വിഷയങ്ങൾ ഊതിപ്പെരുപ്പിച്ച് കോൺഗ്രസിൽ വലിയ കുഴപ്പം ഉള്ളതായി വരുത്തിത്തീർക്കുകയാണ് മാധ്യമപ്രവർത്തകരെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ കെ മുരളീധരൻ സമാപന ചടങ്ങിൽ ഇല്ലാത്തതിനാൽ ഈ കാര്യം വിഡി സതീശന് വീണ്ടും വിശദീകരിക്കേണ്ടി വരും.
















