ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തുറന്ന പോരിന് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ ആഞ്ഞടിച്ചത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഡിഎംകെ പുറത്തുവിട്ടത്.
ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഡിഎംകെ ഐടി വിങ് ആണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.
സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് വിജയ് കരൂരിൽ പോകാത്തതെന്നാണ് ടിവികെയുടെ വാദം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം.
വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
















