മലപ്പുറം: മലപ്പുറം ചേലമ്പ്രയിൽ സ്‌കൂൾ ബസ്സിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിൽ യുകെജി വിദ്യാർഥിയോട് പ്രധാനഅധ്യാപികയുടെ ക്രൂരത. ഫീസ് അടയ്ക്കാത്തതിന് ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. സ്‌കൂളിലേക്ക് പോകാൻ ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ച് സ്‌കൂൾ ബസ് പോവുകയും ചെയ്തു എന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം.
തന്നെ കയറ്റാതെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളെ കയറ്റി ബസ് പോയതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്കൂൾ ബസിന്റെ ഫീസായ ആയിരം രൂപ അടയ്ക്കാൻ വൈകിയതിനാണ് കുട്ടിക്കെതിരേ പ്രധാനാധ്യാപികയുടെ ഈ ക്രൂരമായ നടപടി. സംഭവത്തിൽ കുട്ടിയുടെ കുടുംബം നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും പരാതി നൽകി.
കഴിഞ്ഞ തിങ്കളാഴ്ച പതിവുപോലെ ബസ് കാത്തുനിന്ന കുട്ടിയോടാണ് ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറേണ്ട എന്ന് അറിയിച്ചത്. സ്കൂൾ ബസിന്റെ ഡ്രൈവറോട് പണം തരാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ട എന്ന് പ്രധാനാധ്യാപിക പറഞ്ഞിരുന്നു. എന്നാൽ സംഭവം പുറത്തറിഞ്ഞതിന് പിന്നലെ സ്‌കൂൾ അധികൃതരും പിടിഎ അംഗങ്ങളും കുട്ടിയുടെ വീട്ടിൽ എത്തി കുടുംബത്തോട് മാപ്പപേക്ഷിച്ചു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാൽ ഇനി ഈ സ്‌കൂളിലേക്ക് കുട്ടിയെ വിടില്ല എന്നാണ് കുടുംബത്തിന്റെ തീരുമാനം.
















