Homepage Featured Kerala News

ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ; കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം എസ്‌ഐടി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എസ്ഐടി അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് കേസിൽ നിർണായകമായ ഈ നടപടി ഉണ്ടായത്. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3.40ഓടെ തിരുവനന്തപുരം മെഡിക്കൽ പരിശോധന കഴിഞ്ഞ പ്രതിയെ, ഇന്ന് ഉച്ചയ്ക്ക് 12.30ന് റാന്നി കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. രാവിലെ ഏഴ് മണിയോടെ പ്രതിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.

ശബരിമല ക്ഷേത്രത്തിലെ ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് എസ്ഐടിയുടെ പ്രധാന ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റിയും ‘സ്മാർട്ട് ക്രിയേഷൻ’ കമ്പനിയും തമ്മിലുണ്ടായ ഇടപാടുകളിൽ ദേവസ്വം ബോർഡിലെ ആരെല്ലാം പങ്കാളികളായിരുന്നുവെന്ന് അന്വേഷിക്കുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്രിയേഷൻ നൽകിയ മൊഴിപ്രകാരം 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ നൽകിയെങ്കിലും, രേഖകൾ പ്രകാരം 11 ഗ്രാം അധിക സ്വർണം അദ്ദേഹത്തിന്റെ കൈവശം നിലനിന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊള്ള നടത്തിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരു സ്വദേശി കൽപേഷിന് കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.

Related Posts