Homepage Featured Kerala News

പാലിയേക്കര ടോൾ: നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശൂർ: പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചില നിബന്ധനകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

എന്നാൽ, ടോൾ പിരിവ് പുനസ്ഥാപിക്കാനുള്ള ഉത്തരവിൽ തൃപ്തിയില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് ഹൈക്കോടതി പാലിയേക്കര ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. കടുത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു.

മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ തുടരുന്നതിനാൽ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇപ്പോൾ ഉപാധികളോടെ ടോൾ പിരിവിന് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Related Posts