Homepage Featured Kerala News

കെപിസിസി പുനഃസംഘടന; അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ

തിരുവനന്തപുരം: കെപിസി പുനഃസംഘടന പട്ടികയിൽ അത‍ൃപ്തി. ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ സ്ഥാനത്ത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് അതൃപ്തിക്ക് കാരണം.

യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട്‌റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ചാണ്ടി ഉമ്മൻ നേരത്തെ പ്രതികണവുമായി രംദത്തെത്തിയിരുന്നു. “ഒരു വർഷം മുമ്പ് തന്നെ അപമാനിച്ച് പുറത്താക്കിയതാണ്,” എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

കെപിസിസിയുടെ പുതിയ ജംബോ പട്ടികയിൽ 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരുമാണ് ഉള്ളത്. നേരത്തെ ഉണ്ടായിരുന്ന പട്ടികയിൽ നിന്ന് പുനഃസംഘടന പട്ടിക പൂർത്തിയാക്കിയപ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ പുതിയതായി 6 പേരെ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി എം. ലിജുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പാലോട് രവിയെ വൈസ് പ്രസിഡന്റായും നിയമിച്ചു.

പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വനിതാ നേതാവ് ഡോ. ഷമ മുഹമ്മദാണ് അതൃപ്തി തുറന്ന് പറഞ്ഞത്. “പട്ടികയിൽ കഴിവ് മാനദണ്ഡമായോ?” എന്ന പരിഹാസ പോസ്റ്റിലൂടെ അവർ പ്രതികരിച്ചു. പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഡിസിസി പരിപാടികളിലും സമരങ്ങളിലും സജീവമായിരുന്നെങ്കിലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് ഷമയെ നിരാശപ്പെടുത്തിയത്.

Related Posts