ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിൽ അമേരിക്കയിൽ വ്യാപാര ചർച്ചകൾക്കായി എത്തിയിട്ടുണ്ട്. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നത് വ്യാപാര കരാറിനുള്ള ഉപാധിയാക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ നിർത്താമെന്ന് തന്നെ അറിയിച്ചുവെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ഇതോടെയാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് ചൂടുപിടിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, “മോദി ട്രംപിനെ ഭയക്കുന്നു” എന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം വിദേശകാര്യമന്ത്രാലയം ട്രംപിന്റെ അവകാശവാദം പരോക്ഷമായി തള്ളിക്കളഞ്ഞു. മോദിയും ട്രംപും തമ്മിൽ അടുത്തിടെ യാതൊരു ചർച്ചയും നടന്നിട്ടില്ല എന്ന് മന്ത്രാലയം വ്യക്തമാക്കി. “എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യ സ്വന്തം താൽപര്യങ്ങൾക്കും എനർജി സുരക്ഷയ്ക്കുമനുസരിച്ചാണ് തീരുമാനിക്കുന്നത്,” എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൽ വ്യക്തമാക്കി.
ഇന്ത്യ ട്രംപിന്റെ വാദം സ്ഥിരീകരിക്കാൻ വൈകിയ സാഹചര്യത്തിൽ പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ നേരിട്ട് വിമർശിക്കുയാണ് ഉണ്ടായത് “ട്രംപിനെ ഭയന്ന് റഷ്യൻ എണ്ണ വാങ്ങൽ നിർത്താൻ മോദി സമ്മതിച്ചു,” എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. “ഇന്ത്യയുടെ വിദേശനയത്തിൽ ട്രംപിന് പുറംകരാർ ലഭിച്ചോ?” എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
അമേരിക്കൻ അംബാസഡറായി നിയമിതനായ സെർജിയോ ഗോറിന്റെ സാന്നിധ്യത്തിലായിരുന്നു ട്രംപ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുന്നു എന്ന പ്രസ്താവന നടത്തിയത്. എന്നാൽ, വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതുപോലെ, ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങൾ സ്വതന്ത്രമായ സാമ്പത്തിക താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് തുടരുന്നത്.
















