കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച് വിദ്യാർത്ഥിനി. സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് തീരുമാനം. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ഹിജാബ് ധാരിക്കുന്നതിനെ കുറിച്ചുള്ള വിവാദം കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഈ നീക്കം. “സെന്റ് റീത്താസിൽ ഇനി കുട്ടിയെ പഠിപ്പിക്കില്ല, പുതിയ സ്കൂളിൽ ചേർക്കും,” എന്നാണ് പിതാവിന്റെ നിലപാട്.
ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്‌മെന്റ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സർക്കാരിനെ വിമർശിക്കലാണ് സ്കൂൾ മാനേജ്‌മെന്റിന്റെ ലക്ഷ്യം, പ്രശ്‌നപരിഹാരം അല്ല എന്നും മന്ത്രി പറഞ്ഞു. മുൻപ് എം.പി ഹൈബി ഈഡനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ, വിദ്യാർത്ഥിനി മാനേജ്മെന്റ് നിർദേശിച്ച യൂണിഫോം ധരിച്ച് പഠനം തുടരാമെന്ന് പിതാവ് സമ്മതിച്ചിരുന്നു. എന്നാൽ, ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്കൂൾ മാനേജ്മെന്റ് എതിർത്തു. വിഷയത്തിൽ തങ്ങൾക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്നത്. അതേസമയം, ഹിജാബ് വിവാദത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ സ്കൂൾ മാറ്റം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
















