Homepage Featured Kerala News

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തി; സമാന അനുഭവം, തിരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കിയെന്നും തനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിന് പിന്നാലെ തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്‌ടമല്ലെങ്കിലും അംഗീകരിക്കണം. അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുന:സംഘടനയിൽ അബിൻ്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. എന്നാൽ അങ്ങനെ ഉണ്ടായില്ല. നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അബിന്‍ വര്‍ക്കിയെ അവഗണിച്ച് ഒ ജെ ജനീഷിനെ പരിഗണിച്ചതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് കടുത്ത വിയോജിപ്പാണുള്ളത്. ഇതിനിടെയാണ് ചാണ്ടി ഉമ്മനും നിലപാട് വ്യക്തമാക്കുന്നത്.

എന്റെ പിതാവിന്റെ ഓര്‍മദിവസമായിരുന്നു എന്നെ സ്ഥാനത്ത് നിന്ന് നീക്കിയത്. വലിയ മാനസിക വിഷമം ഉണ്ടാക്കിയ നടപടി ആയിരുന്നു ഇത്. തീരുമാനം എടുക്കും മുന്‍പ് തന്നോട് ആലോചിച്ചില്ല. പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. ഇത്തരം ഒരു നടപടിക്ക് കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

അബിൻ വർക്കി പാർട്ടിക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Related Posts