Homepage Featured India News

ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിൽ; നിയമവിരുദ്ധമായി കസ്റ്റടിയിലെടുത്തെന്ന് അഭിഭാഷകൻ

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനുള്ള യാതൊരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും അഭിഭാഷകൻ ശാസ്തമം​ഗലം അജിത് ആരോപിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിലാണെന്നും കുടുംബത്തിലുള്ളവർക്കോ തനിക്കോ ഇയാൾ എവിടെയെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും അഭിഭാഷകൻ ശാസ്തമം​ഗലം അജിത് പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥൻ എ എച്ച് വെങ്കിടേഷിനെ താൻ നേരത്തേ ബന്ധപ്പെട്ടതായും എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ അറിയിക്കാനാവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

​ശബരിമല സ്വര്‍ണമോഷണക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെയാണ് ഇയാളെ പൊലീസ് കസ്റ്റടിയിലെടുത്തത്.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച തെളിവുകളനുസരിച്ച് സ്വര്‍ണമോഷണത്തിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള പങ്കു വ്യക്തമായ സാഹചര്യത്തിൽ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അറസ്റ്റുണ്ടായാൽ, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കിയേക്കും. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കൽപേഷ് എന്നയാൾക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതാരാണെന്ന് വ്യക്തമല്ല.

Related Posts