കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം കിംസിൽ നിന്ന് ശാസ്ത്രക്രിയ നടത്തിയ ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മറ്റ് അവയവങ്ങൾ ആറു പേർക്ക് കൂടി തുണയാകും. കരൾ, പാൻക്രിയാസ്, വൃക്ക തുടങ്ങിയ അവയവങ്ങളാണ് ദാനം ചെയ്തത്. രക്ഷിതാക്കളുടെ തീരുമാനപ്രകാരമാണ് അവയവദാനം. തന്റെ മകന്റെ ജീവനിലൂടെ അഞ്ചോ ആറോ പേർ ജീവിക്കട്ടേയെന്ന് അമ്മ പറഞ്ഞതാണ് അവയവദാനത്തിലേക്ക് നീങ്ങാൻ കാരണമെന്ന് അമൽബാബുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസുമാണ് മാറ്റിവെയ്ക്കുക. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൈമാറും.
















