സ്വിറ്റ്സർലാൻഡ്: ആഗോള തലത്തിൽ ഭക്ഷ്യ വിപണിയിലെ കുത്തക കമ്പനിയായ നെസ്‌ലെയിൽ പിരിച്ചുവിടൽ നടക്കുമെന്ന് അറിയിപ്പ്. രണ്ടു വർഷത്തിനിടെ 16000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇത് സംബന്ധിച്ച് വിവരം നൽകിയത്.
ലോകം മാറുകയാണെന്നും അതിനാല്‍ നെസ്‌ലെ വേഗത്തില്‍ മാറേണ്ടതുണ്ടെന്നും സെപ്റ്റംബര്‍ ആദ്യം കമ്പനിയുടെ തലപ്പത്ത് എത്തിയ ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് പറയുന്നു. ആകെ ജീവനക്കാരുടെ 6 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഇതിൽ വേദനയുണ്ടെന്നും എന്നാൽ അനിവാര്യമായ തീരുമാനമാണിതെന്നും കമ്പനി അറിയിക്കുന്നു.
എന്നാൽ തീരുമാനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നു. ഓഹരിവില വ്യാഴാഴ്ച എട്ടു ശതമാനത്തിലധികം ഉയർന്നു. ഇതോടെ സൂറിച്ച് ഓഹരി വിപണി യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരി വിപണിയായി നെസ്‌ലെ മാറുകയും ചെയ്തു.
2027 അവസാനത്തോടെ സമ്പാദ്യം മൂന്ന് ബില്യണ്‍ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. കിറ്റ്കാറ്റ്, മാഗി, പുരിന ഡോഗ് ഫുഡ്, നെസ്പ്രസ്സോ കോഫി, പെരിയര്‍ വാട്ടര്‍ തുടങ്ങിയവയെല്ലാം നെസ്‌ലെയുടേതാണ്. ഇത്തരം 2000 ബ്രാൻഡുകൾ നെസ്‌ലെ ഉടമസ്ഥർക്കുണ്ട്.
















