തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ നേരിയതോ ഇടത്തരം തീവ്രതയിലോ മഴ പെയ്യാനാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയ്ക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അറബിക്കടലിൽ ഒക്ടോബർ 19 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരള–തെക്കൻ കർണാടക തീരത്തോട് ചേർന്നായിരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞു. ഈ ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും കടൽപ്രക്ഷുബ്ധതയും ഉണ്ടാകാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തുലാവർഷത്തിന്റെ തുടക്കത്തോടെ സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളേക്കാൾ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും മധ്യകേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
















