Homepage Featured Kerala News

കെ സിക്കെതിരെ വാര്‍ റൂം തുറന്ന് ഗ്രൂപ്പുകള്‍; കോണ്‍ഗ്രസില്‍ പോര് കനക്കുന്നു

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കു മുകളിലൂടെ സ്വയം പ്രതിഷ്ഠിക്കപ്പെടാനാണ് കെ.സി ശ്രമിക്കുന്നതെന്ന് ഇരു ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഒ ജെ ജനീഷിനെ കൊണ്ടുവരാന്‍ ദേശീയ നേതൃത്വത്തോടു സമ്മര്‍ദ്ദം ചെലുത്തിയത് വേണുഗോപാല്‍ ആണ്. പോഷക സംഘടനകളെ തന്റെ വരുതിയിലാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളംപിടിക്കുകയെന്ന ലക്ഷ്യമാണ് വേണുഗോപാലിനുള്ളതെന്ന് എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ സംശയിക്കുന്നു. വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിതനായ ബിനു ചുള്ളിയിലും വേണുഗോപാലിന്റെ നോമിനിയാണ്.

കെ സി വേണുഗോപാലിന്റെ നീക്കങ്ങളെ എ, ഐ ഗ്രൂപ്പുകള്‍ വളരെ ഗൗരവത്തില്‍ നിരീക്ഷിക്കുന്നുണ്ട്. വേണുഗോപാലിനെതിരെ ഒന്നിച്ചു നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ധാരണ. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. പരമ്പരാഗതമായി ലഭിക്കുന്ന പദവികളെല്ലാം നഷ്ടമാകുന്നതായി എ ഗ്രൂപ്പും കരുതുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന നേതാക്കളെ മനുപ്പൂര്‍വ്വം അവഗണിച്ചുകൊണ്ട് എ ഗ്രൂപ്പിനെ ദുര്‍ബലമാക്കാന്‍ ശ്രമം നടക്കുന്നതായി ഗ്രൂപ്പില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

കെപിസിസി പുനഃസംഘടനയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിലും കെ സി വേണുഗോപാലിന്റെ ആധിപത്യം തുടര്‍ന്നാല്‍ എ,ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാത്തതിനു പിന്നില്‍ ഗ്രൂപ്പുകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കെ.സി.വേണുഗോപാലിനു ഉണ്ടെന്നും ഗ്രൂപ്പുകള്‍ കരുതുന്നു.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന വേണുഗോപാല്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായി. ലോക്‌സഭാ എംപിയാണെങ്കിലും ദേശീയ നേതൃത്വം നല്‍കുന്ന പ്രത്യേക പരിഗണനയോടെയായിരിക്കും വേണുഗോപാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.

Related Posts