Kerala Lead News News

യൂത്ത് കോൺ​ഗ്രസ് പുനഃസംഘടന; ചില കല്ലുകടികളുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ ചില കല്ലുകടികളുണ്ടെന്ന് കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പ​രി​ഗണിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വലിയൊരു രാഷ്ട്രീയ ലക്ഷ്യം പ്രവർത്തകർക്കുണ്ട്. അത് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി രംഗത്തെത്തിയിരുന്നു. അബിൻ വർക്കിയെ പിന്തുണച്ചുകൊണ്ടാണ് ഹൈബിയുടെ പ്രതികരണം. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനാകേണ്ടിയിരുന്നത് അബിനാണെന്നും ഹൈബി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അബിൻ അധ്യക്ഷനാകാൻ അർഹനായ നേതാവാണെന്ന് പറഞ്ഞ ഹൈബി ഈഡൻ അബിൻ പാർട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും കൂട്ടിച്ചേർത്തു.

Related Posts