ഗാസ: സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
ഇസ്രയേലി ബന്ദികളുടെ നാല് മൃതദേഹങ്ങൾ കൂടി ഹമാസ് ഇസ്രയേലിന് കൈമാറിയതായി റിപ്പോർട്ടുകൾ. ഹമാസ് സ്വയം ആയുധം താഴെവെക്കണം ഇല്ലെങ്കിൽ അമേരിക്ക നേരിട്ട് നിരായുധീകരണമാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന്റെ പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ വിട്ടുനൽകിയത്.
അതേസമയം, ഹമാസ് സമാധാന കരാർ ലംഘിച്ചതായി ആരോപിച്ച് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും തെക്കൻ അതിർത്തി തുറക്കുന്നത് താൽക്കാലികമായി വൈകിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്തതാണ് വിടുതൽ വൈകാനുള്ള കാരണം എന്നും ഹമാസ് വ്യക്തമാക്കി.
ഇതിനിടെ, ഇസ്രയേൽ കൈമാറിയ 45 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇസ്രയേൽ നൽകാത്തതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ലഭിച്ച മൃതദേഹങ്ങൾ കൈകളും കാലങ്ങളും കെട്ടിയ നിലയിലും വെടിയേറ്റ പരിക്കുകളോടെയുമാണ് കണ്ടെത്തിയത്. ഇവർ എവിടെയാണ്, എപ്പോഴാണ്, എങ്ങനെ മരിച്ചതെന്നതിലും വ്യക്തതയില്ല.
ഇസ്രയേൽ സേന പിന്മാറിയതോടെ ഗാസയിലെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. അതിനിടയിൽ ഏഴ് വിമതരെ തെരുവിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദമുയർത്തിയിട്ടുണ്ട്. വീഡിയോ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച ഹമാസ്, അത് തിങ്കളാഴ്ച ചിത്രീകരിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്.
















