Kerala News

സൈബർ അറ്റാക്ക്; നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണം, എകെ ബാലനും സജി ചെറിയാനും പിന്തുണച്ചില്ല

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും സുധാകരൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സുധാകരനെക്കുറിച്ചുള്ള എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആലപ്പുഴയില്‍ നടക്കുന്ന ‘വളരെ നികൃഷ്ടവും  മ്ളേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ ഈ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ എ.കെ. ബാലന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല.’ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിൽ ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ സൈബർ ആക്രമണത്തെ എതിർക്കാതെ തന്നെ ഉപദേശിക്കാൻ വരുന്നത് എന്തിനാണെന്നും ജി സുധാകരൻ ചോദിച്ചു.

‘കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്’ എന്നായിരുന്നു എകെ ബാലൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. താന്‍ മാറിയിട്ടില്ലെന്നും, മാറില്ലെന്നും ജി. സുധാകരന്‍ മറുപടി പറഞ്ഞു. ബാലനെ പോലെ മാറാന്‍ എനിക്കാകില്ല. ഞാന്‍ ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നതെന്നും പാർട്ടി പഠിപ്പിച്ച ഉറച്ച നിലപാടുകളാണ് തനിക്കുള്ളതെന്നും പറഞ്ഞ സുധാകരൻ താൻ രാഷ്ട്രീയത്തിൽ നിന്ന് ഒന്നും സമ്പാദിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

സുധാകരന്റെ പ്രതികരണം പുറത്തു വന്നതോടെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി എകെ ബലനും രം​ഗത്തെത്തി. അടുത്ത കാലത്ത് ജി.സുധാകരന് ചില ആശങ്കകളുണ്ടെന്നും തന്നെ അവഗണിക്കുന്നുണ്ടോ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടെന്നും എകെ ബാലൻ പറയുന്നു. അത് തെറ്റോ ശരിയോ എന്ന് വേണ്ടപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്നും എകെ ബാലൻ പറഞ്ഞു. അതേസമയം അവ​ഗണനയുണ്ടെന്ന തോന്നലിൽ വരുന്ന അമർഷം പാർട്ടിയുടെ പൊതു ഇമേജിന് കളങ്കമായി വരരുതെന്ന് അദ്ദേഹം ജി സുധാകരനെ ഉപദേശിച്ചു. ‘അക്കാര്യത്തില്‍ വളരെ വാശിയുള്ള ഒരാളായിരുന്നു സുധാകരൻ’- അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനമാണ് സുധാകരന്റെ ഭാ​ഗത്തു നിന്നുണ്ടായത്. സജി ചെറിയാന്റെ ആളുകളാണ് താൻ ബിജെപിയിലേക്കെന്ന് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. “ബിജെപിയില്‍ പോകുമെന്ന് സജി ചെറിയാന്റെ ആളുകള്‍ പ്രചരിപ്പിച്ചു. സജി ചെറിയാന്‍ ഉപദേശിക്കുന്നതിന് മുമ്പ് സൂക്ഷിക്കണം.”-സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആരോപണമുണ്ടായപ്പോൾ പ്രതിരോധിക്കാനുള്ള ചുമതല തനിക്കായിരുന്നെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

ആലപ്പുഴയില്‍ സജി ചെറിയാനും നാസറും വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ താനാണ് അവരെ സംരക്ഷിച്ചതെന്നും സുധാകരന്‍ പറയുന്നു. അമ്പലപ്പുഴയില്‍ താന്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന പരാതി സജി ചെറിയാനും ആരിഫും അറിയാതെ ഉണ്ടാകില്ലെന്നും തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനായിരുന്നു നീക്കം. അതിനായി പടക്കം പൊട്ടിച്ചു. സജി ചെറിയാന്‍ അതില്‍ പങ്കാളിയാണെന്നും സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയിലെ എംഎൽഎയുടെ പരാതിയുമായി ബന്ധപ്പെട്ട് എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത ദിവസം പിണറായി പറഞ്ഞ ഒരു കാര്യവും ജി സുധാകരൻ ഓർത്തെടുത്തു. മണ്ഡലത്തിൽ ജയിച്ചശേഷം എംഎൽഎ എന്തിന് പരാതി നൽകുന്നുവെന്ന് പിണറായി ചോദിച്ചതായാണ് സുധാകരൻ പറയുന്നത്. തന്റെ സംശയവും ഇതാണെന്നും കോടിയേരിയും ഇതേ കാര്യം ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ഇളമരം കരീമിനെതിരെയും അദ്ദേഹം വിമർശനമുന്നയിക്കുന്നു. ‘ഒരു പരാതി ലഭിച്ചപ്പോള്‍ എളമരം കരീം അദ്ദേഹത്തിന് കഴിയുന്ന വിധത്തിലൊക്കെ ഇളക്കി. അതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല’ എന്നായിരുന്നു അദ്ദേപത്തിന്റെ വിമർശനം.

Related Posts