ഗാസ സമാധാന പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ നടന്ന ഉച്ചകോടിയിലേക്ക് നേരിട്ടു ക്ഷണമുണ്ടായിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരുന്നത് പാക്കിസ്ഥാന്‍ കാരണമാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഉച്ചകോടിക്കു അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി എന്നിവരില്‍ നിന്ന് മോദിക്കു നേരിട്ട് ക്ഷണം ലഭിച്ചിരുന്നു. ഇരുപതോളം രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉച്ചകോടിയില്‍ പങ്കെടുത്തു. പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യമാണ് മോദിയെ ഉച്ചകോടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള അനിഷ്ടവും കാരണമായേക്കാമെന്ന അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അയവു വരുത്തിയത് തന്റെ ഇടപെടലുകൊണ്ടാണെന്ന് ട്രംപ് ഒന്നിലേറെ തവണ അവകാശപ്പെട്ടിരുന്നു. ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ അയവ് വന്നപ്പോഴും ട്രംപ് തന്റെ ഇടപെടലുകൊണ്ടാണെന്ന് അവകാശപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് മോദി സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പാക് സൈനിക മേധാവി അസിം മുനീറിനെ ‘പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍’ എന്നാണ് ഉച്ചകോടിക്കിടെ ട്രംപ് അഭിസംബോധന ചെയ്തത്. ‘പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെരീഫ്…എന്റെ പ്രിയപ്പെട്ട പാക്കിസ്ഥാനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇവിടെയില്ല.. പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്”, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ട്രംപ് ഷെഹബാസ് ഷരീഫിനെ ക്ഷണിച്ചത് ഇങ്ങനെയാണ്. ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ട്രംപ് മറന്നില്ല. ‘എന്റെ ഏറ്റവും നല്ല സുഹൃത്ത്’ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.
















