ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ കേരള കലാമണ്ഡലം ബന്ധപ്പെട്ട അധികൃതരെ പ്രതിഷേധമറിയിക്കും.
സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ കണ്ടവർ അന്തം വിട്ടിരിക്കുകയാണ്. മറ്റൊരു രാജ്യത്തിനു മുന്നിൽ രാജ്യത്തെ കലാരൂപം അവതരിപ്പിക്കുന്നതിൽ യാതൊരു ശ്രദ്ധയും മന്ത്രാലയത്തിന്റെയോ സംഘാടകരുടേയോ ഭാഗത്തു നിന്നുണ്ടായില്ല. കഥകളിയെ പരിഹസിക്കുന്ന തരത്തിലായിരുന്നു അവതരണം.
വികലമായ വേഷവും ചിട്ടകൾ ഒന്നും പാലിക്കാതെയുള്ള അവതരണവുമായിരുന്നു പരിപാടിൽ നടത്തിയത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് കേരള കലാമണ്ഡലം പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ടവരെ കേരള കലാമണ്ഡലം കല്പിത സർവകലാശാല പ്രതിഷേധം അറിയിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
















