തൃശ്ശൂർ: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. വർഷങ്ങളായി പാർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. രണ്ടു ദിവസമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1984 ൽ സിപിഐഎമ്മിൽ അംഗമായ അദ്ദേഹം 2006 ലും 2011 ലുമായി കുന്നംകുളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയിലെത്തിയിരുന്നു. 1980 ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ കൊരട്ടി യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റായി. 1986 മുതൽസിപിഎമ്മിന്റെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
റിട്ട. ഇന്‍കംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്ത മകനാണ് ബാബു എം. പാലിശ്ശേരി. ഇന്ദിരയാണ് ഭാര്യ. അശ്വതി, അഖില എന്നിവർ മക്കളാണ്. ബുധനാഴ്ചയാണ് സംസ്കാരം.
















