എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനുള്ള സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നത്.
ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാക്കാത്തതിന്റെ പേരിൽ എയ്ഡഡ് സ്കൂളുകളിൽ നിയമിച്ച അധ്യാപകർ താത്കാലിക ജീവനക്കാരായി തുടരുകയാണ്. എൻഎസ്എസ് ഇതിനെതിരെ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇത് മറ്റു മാനേജ്മെന്റുകൾക്ക് കൂടി ബാധകമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുക.
ഭിന്നശേഷിക്കാരുടെ നിയമനം നടത്താത്ത എയ്ഡഡ് സ്കൂളുകളിലെ നിമനത്തിന് സംസ്ഥാന സർക്കാർ 2018 മുതൽ അംഗീകാരം നൽകിയിരുന്നില്ല. എൻഎസ്എസ് തങ്ങൾക്കനുകൂലമായി വിധി സമ്പാദിച്ചതിനു ശേഷവും അത് അവർക്ക് മാത്രം ബാധകമാണെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരുന്നത്. ഈ നിലപാടിൽ നിന്ന് പിന്നോട്ടു പോയിരിക്കുകയാണ് സർക്കാർ.
ഇതേവിഷയത്തിൽ കെസിബിസി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ നാലുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഇതോടെ കത്തോലിക്കാ കോൺഗ്രസ് സമരത്തിനിറങ്ങിയിരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രെജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ സർക്കാർ നിർദേശപ്രകാരം എയ്ഡഡ് സ്കൂളുകളിൽ നിയമിച്ചിരുന്നു. എന്നാൽ ഭിന്നശേഷിക്കാരുടെ മുഴുവൻ ഒഴിവുകളും നികത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനേജ്മെന്റുകൾ നിയമനങ്ങൾക്ക് അനുമതി നിഷേധിച്ചത്.അതേസമയം സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ എൻഎസ്എസിന് ഭിന്നശേഷി നിയമനം പൂർത്തിയാക്കാതെ തന്നെ മറ്റു നിയമനത്തിന് അനുമതി നൽകി. ഇത് ഇരട്ടത്താപ്പാണെന്നും തിരുത്തണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ തീരുമാനം മാറ്റി മാനേജ്മെന്റുകൾക്കനുകൂലമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.
















