തിരുവനന്തപുരം: ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണ്.
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.
ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍?
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്‌പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം.
വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായിരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നു. കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന്‍ പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം. ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ല – ചെന്നിത്തല വ്യക്തമാക്കി.
വിശ്വാസ സംരക്ഷണ മേഖല ജാഥ
അതേസമയം ശബരിമല സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം കുറിക്കും. ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ. പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ജാഥ തുടങ്ങും. നാളെ മൂവാറ്റുപുഴയില്‍ നിന്നും ജാഥ ആരംഭിക്കും. വെള്ളിയാഴ്ച നാലിന് ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും.
പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസര്‍കോട് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും ജാഥ നയിക്കും. മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന്‍ എംപിയാണ് ജാഥ നയിക്കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർജാഥ ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. പ്രതികളുടെ പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ഇന്ന് ദേവസ്വം ബോർഡ് തീരുമാനമെടുക്കും. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതേ നടപടി സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യതയുള്ളത്. പ്രതി പട്ടികയിൽ പേരുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനിച്ചതിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ കാര്യത്തിൽ ദേവസ്വം ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.
















