Homepage Featured Kerala News

കേരളത്തിൽ തുടരാനനുവദിക്കണം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി രം​ഗത്ത്. ദേശീയതലത്തിലേക്കില്ലെന്നും തന്നെ കേരളത്തിൽ തുടരാനനുവദിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. താൻ വൈസ് പ്രസിഡന്റായി തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബിൻ.

താൻ പാർട്ടിയിൽ പ്രവർത്തിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന് അബിൻ വർക്കി പറയുന്നു. ‘പാർട്ടിയുടെ ഏത് പോസ്റ്റിനും ആരും അനർഹരല്ല. ഒരു പോസ്റ്റും അപ്രധാനമല്ല. എന്നാൽ താൻ കൃസ്ത്യായാനിയായതാണോ എന്റെ കുഴപ്പം.?’-അബിൻ ചോദിക്കുന്നു. യൂത്ത് കോൺ​ഗ്രസിന്റെ മുദ്രാവാക്യം മതേതരത്വമാണെന്ന് അബിൻ പറഞ്ഞു. ‘ഞങ്ങളിലില്ലാ ഹൈന്ദവ രക്തം ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം ഞങ്ങളിലില്ലാ മുസ്ലീം രക്തം ഞങ്ങളിലുള്ളത് മാനവ രക്തം’ എന്ന മുദ്രാവാക്യമായിരുന്നു താൻ വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സംഘടനയിലുണ്ടെന്നും താൻ വെല്ലുവിളിക്കുകയല്ല അഭ്യർത്ഥന മാത്രമാണെന്നും അബിൻ പറയുന്നു. ജനീഷിന് കിട്ടിയ വോട്ടും തനിക്കു കിട്ടിയ വോട്ടും എടുത്തു പറഞ്ഞായിരുന്നു അബിന്റെ പ്രതികരണം. മുമ്പ് കെ.എം അഭിജിത് സംസ്ഥാന പ്രസിഡന്റും താൻ ദേശീയ സെക്രട്ടറിയുമായിരുന്നു. അഭിജിത്തും വളരെയധികം കഴിവുള്ളയാളാണെന്നും അദ്ദേഹത്തെയും പരി​ഗണിക്കേണ്ടതാണെന്നും അബിൻ വർക്കി പറയുന്നു. ഐ ​ഗ്രൂപ്പിന്റെ നേതാവാണ് നിലവിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അബിൻ വർക്കി.

കഴിഞ്ഞ ദിവസമാണ് ഒ.ജെ ജനീഷിനെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത് അതേ സമയം അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയാക്കിയും കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത ബിനു ചുള്ളിയിലിനെയായിരുന്നു വർക്കിങ് പ്രസിഡന്റായി തീരുമാനിച്ചത്.

Related Posts