വാഷിങ്ടൺ: ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് അറിയിച്ചു. യുദ്ധകാലത്ത് അതുല്യമായ നേതൃത്വമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാഴ്ചവെച്ചതെന്നും “യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രി”യെന്ന പദവി അദ്ദേഹം അർഹിക്കുന്നതാണെന്നും ട്രംപ് പ്രശംസിച്ചു. ഇന്ത്യ–പാകിസ്ഥാൻ യുദ്ധം താൻ അവസാനിപ്പിച്ചതായും അദ്ദേഹം ആവർത്തിച്ചു.
ഗാസ സമാധാന ഉച്ചകോടിക്കായി ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക് എത്തും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉച്ചകോടി ഈജിപ്തിലെ ഷാം അൽ ഷെയ്ഖിലാണ് നടക്കുന്നത്. സമാധാന കരാറിന്റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ. പകരം ഇസ്രയേൽ പലസ്തീൻ തടവുകാരെ വിട്ടയക്കും.
ട്രംപിന്റെ ആദ്യ സന്ദർശനം ഇസ്രയേലിലാണ്. ടെൽ അവീവിൽ അദ്ദേഹത്തിന് വിപുലമായ സ്വീകരണമൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്ന് ബന്ദികളുടെ കുടുംബങ്ങളെയും സന്ദർശിച്ചശേഷം അദ്ദേഹം ഈജിപ്തിലേക്കു യാത്രതിരിക്കും.
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ 20ൽ ഏറെ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. അമേരിക്കയുടെ ക്ഷണം ലഭിച്ചിരുന്നെങ്കിലും പാകിസ്ഥാൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന സാഹചര്യം പരിഗണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് എത്തും.
















