ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതോടെ ലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു പൂര്‍ണമായി അവസാനം കാണുമെന്നതിന്റെ ആദ്യഘട്ടമായാണ് ലോക രാജ്യങ്ങള്‍ ഇതിനെ കാണുന്നത്.
2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരില്‍ ജീവനോടെ ശേഷിച്ച 20 ബന്ദികളെയാണ് ഗാസ സമാധാന പദ്ധതി പ്രകാരം ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഏഴുപേരെ ഒന്നാംഘട്ടമായി റെഡ് ക്രോസിന് കൈമാറും. ഗാസയ്ക്ക് പുറത്തുള്ള ഇസ്രയേല്‍ അതിര്‍ത്തിയില്‍ വച്ച് ബന്ദികളെ ഇസ്രയേല്‍ സൈന്യത്തിന് കൈമാറും. ശേഷിക്കുന്നവരെയും ഹമാസ് ഇന്നു തന്നെ മോചിപ്പിക്കും. പകരമായി 1600 പലസ്തീനികളെയാണ് ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിപ്പിക്കുന്നത്.
യുദ്ധം അവസാനിച്ചെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ‘ യുദ്ധം അവസാനിച്ചിരിക്കുന്നു. ഇത് വളരെ വിശിഷ്യമായ സമയമാണ്. എല്ലാവരും ഇതില്‍ ആനന്ദിക്കുന്നു. മുന്‍പൊന്നും സംഭവിക്കാത്തതാണ് ഇത്. ഈ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇടപെടാന്‍ സാധിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ഭാവിയില്‍ വളരെ മികച്ച സമയമാണ് വരാനിരിക്കുന്നത്,’ ട്രംപ് പറഞ്ഞു.
ഗാസയിലേത് താന്‍ പരിഹരിച്ച എട്ടാമത്തെ യുദ്ധമാണെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഒരു സംഘര്‍ഷം നടക്കുന്നുണ്ട്, ഞാന്‍ തിരിച്ചെത്തുമ്പോള്‍ അത് പരിഹരിക്കും. യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ ഞാന്‍ വിദഗ്ധനാണ് – ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതും തന്റെ ഇടപെടലിലൂടെയാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. തീരുവകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് പറയുന്നു.
















