തിരുവനന്തപുരം: നവകേരള വികസന ക്ഷേമ പരിപാടി കേരളത്തിന് ദിശാ ബോധം നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമെന്നും വരും കാലത്തേക്കുള്ള നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
രാഹുൽ ഗാന്ധി കൊളംബിയയിൽ നടത്തിയ പ്രസംഗം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. കഴിഞ്ഞ നാൽപ്പത് – അമ്പത് വർഷങ്ങൾക്കിടയിൽ കേരളത്തിനുണ്ടായ പുരോഗതിയായിരുന്നു രാഹുൽ കൊളംബിയയിൽ പറഞ്ഞത്. വികേന്ദ്രീകൃത സംവിധാനങ്ങൾ കൃത്യമായി നടക്കുന്ന പ്രധാന സംസ്ഥാനമാണ് കേരളമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്.
‘ചില സ്ഥലങ്ങളില്‍ വികേന്ദ്രീകരണം വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന്, രാഷ്ട്രീയപരമായി ഇത് ഏറ്റവും ഫലപ്രദമായ സംസ്ഥാനമാണ് കേരളം. അവിടെയുള്ളത് ഏറ്റവും വികേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ്. കൂടാതെ കഴിഞ്ഞ 40 – 50 വര്‍ഷംകൊണ്ട് ഏറ്റവും മികച്ച ആരോഗ്യ സംവിധാനവും വിദ്യാഭ്യാസ സംവിധാനവും ഒരുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.’ ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്
ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രി നേരിട്ടു തേടുന്ന സിറ്റിസൺ കണക്ട് സെന്റർ ഇതിനിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. വികസന ക്ഷേമ പദ്ധതികൾ എല്ലാ വിഭാഗത്തിനും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പിണറായി പറഞ്ഞു. വിഷൻ 2031 ന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘നവകേരളം വികസന ക്ഷേമ പഠന പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചും അവരെ നയരൂപീകരണത്തിന്‍റെ അവിഭാജ്യ ഘടകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുപോലൊരു ജനാധിപത്യ ഇടപെടല്‍ ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും എന്നതില്‍ സംശയമില്ല.’-പിണറായി പറയുന്നു.
2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് നാലംഗ സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാനതല നിര്‍വഹണ സമിതിയും നിലവില്‍ വരും. തദ്ദേശസ്ഥാപനതലത്തിലും അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമിതികള്‍ രൂപീകരിക്കും.
ലഹരി വസ്തുക്കൾ തടയൽ മതസൗഹാർദ്ദം വളർത്തൽ അതോടൊപ്പം ഉന്നത വിദ്യാഭ്യാസം, കലാ കായിക മേഖലയുടെ വളർച്ച, മനുഷ്യ-മൃഗ സംഘർഷങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യയെ ഫലപ്രദമായി കാർഷിക രംഗത്ത് ഉപയോഗിക്കൽ എന്നിവയ്ക്കായാണ് പ്രാദേശിക തലത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമ്മിതിയിൽ കേരളത്തിന് ഏറെ മുന്നേറാൻ കഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു.
















