തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണ്ണായക തെളിവുകൾ പുറത്ത്. സ്ഥിര വരുമാനവുമില്ലാത്ത പോറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2025ൽ മാത്രം എത്തിയത് 10 ലക്ഷം രൂപയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് എസ്.പി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണ സംഘത്തിന് ഗൗരവമായ സംശയങ്ങളുണ്ടെന്നാണ് സൂചന. 2025ൽ മാത്രം കാമാക്ഷി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്ന് 10 ലക്ഷം രൂപ പോറ്റിയുടെ അക്കൗണ്ടിലേക്കെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ തുക എന്തിനുവേണ്ടിയായിരുന്നു എന്നത് വ്യക്തമായിട്ടില്ല. സ്ഥിരവരുമാനമില്ലാത്ത ഒരാളുടെ അക്കൗണ്ടിലേക്കു ഇത്തരം വലിയ തുകകൾ എത്തുന്നത് എങ്ങനെ എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. പോറ്റിക്ക് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്കയ്ക്ക് ഈ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ബലമേകുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനെ തുടർന്നു എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പോറ്റിയുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം. കൂടാതെ, പോറ്റിയുടെ യാത്രാ രേഖകളും എസ്.ഐ.ടി പരിശോധിക്കും. വിജിലൻസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ചില ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവയും സംഘം പരിശോധിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥർക്കും പോറ്റിക്കും ഇടയിൽ ഉണ്ടായിരുന്നത് എത്രത്തോളം അടുത്ത ബന്ധമായിരുന്നു എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
















