ഗാസ: സമാധാന കരാറിൻന്റെ ഭാഗമായി ഹമാസ് പിടിയിലുണ്ടായിരുന്ന ഇസ്രായേലികളെ മോചിപ്പിക്കാനാരംഭിച്ച് ഹമാസ്. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ മോചിപ്പിച്ച് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഇന്ന് 20 പേരെയാണ് ഹമാസ് മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്.
ഹമാസ് പിടിയിൽ മരിച്ചവരുടെ മൃതദേഹങ്ങളും ജീവിച്ചിരിക്കുന്ന 20 പേരേയും മോചിപ്പിക്കുമെന്നാണ് സമാധാന കരാർ പറയുന്നത്. മോചിതരാകുന്നവരെ സ്വീകരിക്കാനും ഇവർക്ക് ആവശ്യമെങ്കിൽ വൈദ്യ സഹായം നൽകാനും ഇസ്രായേലിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ സംവിധാനങ്ങളെല്ലാം ഒരുക്കിയെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
വന്‍ ജനക്കൂട്ടമാണ് മോചിതരായവർക്കായി ഇസ്രയേലില്‍ കാത്തു നിൽക്കുന്നത്. അതേസമയം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസക്കാരുള്‍പ്പടെ രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രായേലും മോചിപ്പിച്ചേക്കും. ജീവനുള്ളവർക്കു പുറമേ മരിച്ച 28 പേരുടെ മൃതദേഹങ്ങളോ ഭൗതികാവശിഷ്ടങ്ങളോ ആകും ഹമാസ് ഇസ്രായേലിന് കൈമാറുക.
ഗാസയിൽ നിന്ന് ഇസ്രായേൽ ഭാഗികമായി പിൻമാറിയിരുന്നു . തുടർന്ന് വെടി നിർത്തൽ കരാറും നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും നടക്കുന്നത്.
















