India News

ഇലക്ട്രിസിറ്റി ബില്ലിലെ ഭേദ​ഗതി; സ്വകാര്യവൽക്കരണം ലക്ഷ്യമെന്ന് കെ കൃഷ്ണൻകുട്ടി, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുമെന്നും മന്ത്രി

തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. വൈദ്യുതി വിതരണത്തിൽ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുമെന്ന് പറഞ്ഞ് ശനിയാഴ്ച കരട് ബില്ലിലെ വ്യവസ്ഥകളെ എതിർത്ത കൃഷ്ണൻകുട്ടി, വൈദ്യുതി നിരക്കുകൾ നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാൻ കഴിയും വിധമാണ് കൗൺസിൽ രൂപീകരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

കരട് ബില്ല് അനുസരിച്ച് വൈദ്യുതിയുമായി ബന്ധപ്പെട്ട നയ രൂപീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഉപദേശിക്കുകയും പരിഷ്കാരങ്ങളിൽ സമവായം സാധ്യമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുകയെന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. വൈദ്യുതി കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള വൈദ്യുതി നിയമത്തിലെ സെക്ഷൻ 166 (1) പ്രകാരം ഒരു പുതിയ ഉപവകുപ്പ് കരട് ബിൽ നിർദ്ദേശിക്കുന്നു.

കേന്ദ്ര വൈദ്യുതി മന്ത്രി പുതുതായി വിഭാവനം ചെയ്യുന്ന കൗൺസിലിന്റെ അധ്യക്ഷനായിരിക്കും. സംസ്ഥാന വൈദ്യുതി മന്ത്രിമാരാകും അംഗങ്ങൾ. കേന്ദ്ര വൈദ്യുതി സെക്രട്ടറി അതിന്റെ കൺവീനർ ആയിരിക്കും.

എന്നാൽ 2003 ലെ വൈദ്യുതി നിയമത്തിലെ സെക്ഷൻ 166 (1) അനുസരിച്ച് കേന്ദ്രം ഒരു ‘കോ ഓർഡിനേഷൻ ഫോറം’ രൂപീകരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്. രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ സുഗമവും ഏകോപിതവുമായ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ ഫോറത്തിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി, പവർ ജനറേറ്റിംഗ് കമ്പനികളുടെയും ട്രാൻസ്മിഷൻ ലൈസൻസികളുടെയും പ്രതിനിധികൾ എന്നിവരാണ് അം​ഗങ്ങൾ

Related Posts