Homepage Featured Kerala News

രാഹുൽ വീണ്ടും സജീവമാകുന്നു; എംഎൽഎ വരുന്ന വിവരം അറിഞ്ഞത് അവസാന നിമിഷം

പാലക്കാട്: വിവാദങ്ങളൊക്കെ കെട്ടടങ്ങി എന്ന് കണ്ടപ്പോൾ പൊതുപരിപാടികളിൽ വീണ്ടും സജീവമാകുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിലെ പൊതുപരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. പാലക്കാട് നഗരസഭയിലെ 36ാം വാർഡിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. എംഎൽഎ പങ്കെടുക്കുമെന്ന വിവരം അവസാന നിമിഷത്തിലാണ് ആളുകൾക്ക് അറിയിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം കുടുംബശ്രീ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബാലസദസിലും പങ്കെടുത്തിരുന്നു.

ഒക്ടോബർ 5ന് കെഎസ്ആർടിസി ബംഗളൂരു ബസിന്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചതിനെ തുടർന്ന് വലിയ വിവാദമുണ്ടായിരുന്നു. ലൈംഗികാരോപണങ്ങളും അതിനെത്തുടർന്നുള്ള തർക്കങ്ങളുമുയർന്ന സാഹചര്യത്തിൽ, ആ ചടങ്ങാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപരിപാടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.

തൊഴിലാളി സംഘടനാ നേതാക്കൾക്ക് മുൻകൂട്ടി വിവരം നൽകിയില്ലെന്ന കാരണത്താൽ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറെയും ഡിപ്പോ എഞ്ചിനീയറെയും ഉപരോധിച്ചു. പാർട്ടിയിൽ അറിയിക്കാതെയാണ് എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തതെന്ന കാര്യം കോൺഗ്രസിനകത്തും വൻ ചർച്ചകൾക്ക് വഴിവച്ചു.

Related Posts