ആലപ്പുഴ: ഭക്ഷ്യഭദ്രതയെന്നതിൽ നിന്ന് പോഷകാഹാര ഭദ്രതയിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ നയം രൂപീകരിക്കുന്നു. സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കാനും സ്കൂൾ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാനും പദ്ധതിയുണ്ട്. കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് പോഷകനയം രൂപീകരിക്കുന്നത്.
ഇതിനായി കരടു നിർദേശം സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ, ഭക്ഷ്യ-പൊതുവിതരണ കമ്മിഷണർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ വിസിറ്റിങ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി എന്നിവർ ചേർന്നതാണ് സമിതി. ഒരാഴ്ചയ്ക്കകം കരടു ശുപാർശ നൽകാനാണ് സർക്കാർ നിർദേശം. നിലവിൽ ഭക്ഷ്യ ഭദ്രതയിൽ കേരളം ഏറെ മുന്നിലാണെന്നും പോഷക ഭദ്രത കൂടി കൈവരിച്ചാൽ വലിയ മാറ്റമാണ് കേരളത്തിലുണ്ടാകാൻ പോകുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. പോഷക നയം എങ്ങിനെ നടപ്പിലാക്കണമെന്നത് സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു
സുഭിക്ഷ ഹോട്ടലുകൾ വഴി പോഷകസമൃദ്ധമായ ഭക്ഷണം സൗജന്യമായും ആവശ്യമെങ്കിൽ അർഹരായവരെ കണ്ടെത്തി വീടുകളിലെത്തിക്കാനും പദ്ധതിയൊരുക്കും. സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പോഷകസമൃദ്ധമാക്കും. പാൽ, മുട്ട, ഇറച്ചി, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാകും ഈ പദ്ധതി.
ആദിവാസികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, മുതിർന്ന പൗരർ, തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായുള്ള പോഷാകാഹാര പട്ടിക തയ്യാറാക്കും. പ്രായത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചാകും ഇവർക്ക് ഭക്ഷണക്രമം നിർദേശിക്കുക. മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടതലായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
അരിയാഹാരത്തിൻ്റെ അമിതോപയോഗം മൂലം അമിതവണ്ണമുള്ളവർ കൂടുന്നു. സൂക്ഷ്മ പോഷകങ്ങളുടെ കുറവ് വിളർച്ചയും വളർച്ച മുരടിപ്പിനും കാരണമാകുന്നുമുണ്ട്. ഇത് പരിഹരിക്കുകയാണ് നയത്തിന്റെ ലക്ഷ്യം. കേരളത്തിൽ പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണം ഏറ്റവും കുറഞ്ഞ തോതിലാണ് ഉപയോഗിക്കുന്നത്. ആകെ കേരളീയരുടെ ശരീരത്തിലെത്തുന്ന ഊർജത്തിന്റെ 5.7 ശതമാനം മാത്രമാണ് പ്രോട്ടീനിലൂടെ എത്തുന്നത്. വെളുത്ത അരി, പൊടിച്ച ധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയ ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് കൂടുതലായും കേരളീയർ ഉപയോഗിക്കുന്നത്.
രാജ്യത്തെ സംസ്ഥാനങ്ങളെ ആറു മേഖലകളായി തിരിച്ച് നടന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഇന്ത്യ ഡയബെറ്റിസ് സർവേ (ഐസിഎംആർ-ഇന്ത്യബി) എന്ന പഠനത്തിൽ ഇത് സംബന്ധിച്ച റിപ്പോർട്ടുകളുണ്ട്. ഈ സർവേയുടെ നാലാം ഘട്ടത്തിൻ്റെ ഭാഗമായി 2018- 19 കാലയളവിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഭക്ഷണരീതികളെക്കുറിച്ച് പഠനം നടന്നു. ഈ സർവേ പ്രകാരം കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലയിലെ ഭക്ഷണരീതികളിൽ പ്രോട്ടീൻ കുറവുള്ളതായി കണ്ടെത്തിയിരുന്നു.
















