Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക് കിരണിന് സമൻസയച്ചെന്ന വെളിപ്പെടുത്തൽ. കേസിൽ തുടര്‍നടപടി ഒഴിവാക്കിയത് സിപിഎം–ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി. അതേ സമയം, “മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചനയാണ് നടക്കുന്നത്” എന്ന നിലപാടിലാണ് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഭരണപക്ഷം.

വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിൽ, ഇഡി തുടര്‍നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. വിവേകിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത് ഒത്തുകളിയാണെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിവേക് കിരണിന്റെ താമസം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലല്ലാത്തതിനാലാണ് സമൻസ് മടങ്ങിയത്. എന്നാൽ മേൽവിലാസക്കാരൻ ഇല്ലാത്തതിന്റെ പേരിൽ സമൻസ് മടങ്ങിയത് കേസന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമായി കാണാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായപ്പോൾ ലഭിച്ച തെളിവുകൾ മതിയായതാണെന്ന് കരുതി വിവേകിനെ ഒഴിവാക്കിയതാവാം എന്നാണ് ഒരു വാദം. എന്നാൽ, സമൻസ് ഇപ്പോഴും ഇഡി വെബ്സൈറ്റിൽ നിലനിൽക്കുന്നത് കേസ് ഇല്ലാതായിട്ടില്ല എന്നതിന്റെ സൂചനയാണ് എന്ന് മറുവാദവും വരുന്നു. കേസ് തീർപ്പാക്കി എന്ന് ഇഡി വൃത്തങ്ങളും പറയുന്നില്ല. കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാന വിജിലൻസ് നൽകിയ കൈക്കൂലി കേസാണ് സമൻസ് വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്നും പറയപ്പെടുന്നു. ചോദ്യം ചെയ്യലിനപ്പുറം ഈ കേസിൽ യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ല

Related Posts