തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി. കട്ടിളയിൽ നിന്ന് സ്വർണ്ണം അപഹരിച്ചു എന്നാരോപിച്ചുള്ള രണ്ടാമത്തെ കേസിലെ എഫ് ഐആ ആറിൽ ദേവസ്വം ബോർഡ് അംഗങ്ങളേ പ്രതികളാക്കി. കേസിൽ 2019 ദേവസ്വം ബോർഡ് അംഗങ്ങളെ 8ാം പ്രതിയായി ആണ് ചേർത്തിരിക്കുന്നത്. എന്നാൽ ആരുടേയും പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. 2019 ൽ എ പത്‌മകുമാർ പ്രസിഡൻറായ ഭരണസമിതിക്കാണ് ശബരിമലയുടെ ചുമതലയിലുണ്ടായിരുന്നത്. ഇവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.
ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വണ്ണപ്പാളികൾ ഇളക്കിയെടുത്തത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കാൻ വേണ്ടിയാണ് പ്രതികൾ ഗൂഢാലോചന നടത്തി ഇങ്ങനെ ഒരു പ്രവർത്തി ചെയ്തതെന്നും പറയുന്നു.
പദ്മകുമാർ പ്രസിഡണ്ടായ ബോഡിൽ ശങ്കർ ദാസ്, കെ രാഗഘവൻ എന്നിവർ അംഗങ്ങളായിരുന്നു.
അതേസമയം കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള പരിശോധന തുടരുകയാണ്. മൂന്ന് ദിവസത്തെ പരിശോധനകളിൽ ശബരിമല സ്ട്രോങ്ങ് റൂമിലെ പരിശോധന ഞായറാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേവസ്വം മഹാസറിൽ രേഖപ്പെടുത്തിയ അമൂല്യ വസ്തുക്കൾ എല്ലാം സ്ട്രോങ്ങ് റൂമിൽ നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നതോടൊപ്പം, ഇന്ന് ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട പാളികളുടെയും പരിശോധന നടക്കും. ചിങ്ങമാസത്തിൽ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി, കഴിഞ്ഞ മാസം തിരികെ എത്തിച്ച പാളികളാണ് ഇതിൽ ഉൾപ്പെടുന്നത്. 2019ൽ നവീകരണത്തിനായി കൊണ്ടുപോയ പാളികളല്ല തിരികെ വന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ, ഈ പരിശോധന നിർണായകമാകും
















