മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. കഴിഞ്ഞ ദിവസം ചേലേമ്പ്രത്തെ മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിന് എതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ.
കഴിഞ്ഞ ദിവസമാണ് സുബൈർ ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഓഫീസിലേക്ക് കയറാൻ റാംപ് ഇല്ലാത്തതിൻറെ ബുദ്ധിമുട്ടിനെ കുറിച്ച് വിവരിച്ചുകൊണ്ട് സുബൈർ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു. റാംപ് ഇല്ലാത്തതിനെ തുടർന്ന് നിലത്ത് ഇഴഞ്ഞു ചെന്നാണ് സുബൈർ മെഡിക്കൽ ഓഫീസറെ കണ്ടത്. ഇതിൻറെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. സുബൈർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് സ്ഥാപിച്ചിരുന്നു. എന്നാൽ സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സുബൈർ തന്നോട് അപമര്യദയായി പെരുമാറിയെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മെഡിക്കൽ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി സുബൈറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ ആവശ്യമായ രണ്ട് റാംപുകളാണ് പ്രശ്നത്തിന് കാരണമായത്. വിഷയം മുൻപ് പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടി സ്വീകരിച്ചില്ല. തുടർന്ന്, പ്രശ്നം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ സദുദ്ദേശ്യത്തോടെ സുബൈർ വീഡിയോ പകർത്തുകയായിരുന്നു. എന്നാൽ, കാര്യങ്ങളുടെ പശ്ചാത്തലം അവഗണിച്ചുകൊണ്ട് അധികൃതർ നേരിട്ട് പരാതി നൽകിയെന്നതാണ് ആരോപണം.
















