പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റു വിഭജനം പൂർത്തിയായി. മുന്നണികളിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ജെഡിയു(ജനതാദൾ യുനൈറ്റഡ്). ചിരാഗ് പസ്വാന്റെ പാർട്ടിയായ എൽജെപി(ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും.
ബിജെപി വക്താവ് ധര്‍മേന്ദ്ര പ്രധാനാണ് സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ആറുവീതം സീറ്റുകൾ നൽകിയിട്ടുണ്ട്.
തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടി. കോൺഗ്രസാണ് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ.
ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം വോട്ടർ പട്ടികയിൽ നിന്ന് 3.66 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പൗരത്വനിയമം ഒളിച്ചു കടത്തുകയാണ് എസ്ഐആറിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷപാർട്ടികളും ആരോപണമുയർത്തുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ബിഹാറിൽ ഇലക്ഷൻ നടക്കുന്നത്.
















