വാഷിങ്ടൺ: ചൈനയ്ക്ക് എതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മേൽ നവംബർ ഒന്ന് മുതൽ 100 ശതമാനം അധിക തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവയ്ക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.
കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാൻ ചൈനീസ് ഭരണകൂടം തീരുമാനച്ചതിന് എതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ. അതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് ഭീഷണി ഉയർത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണം വരുത്തിയെതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് ട്രംപിൻറെ ഈ പുതിയ നീക്കം.
ചൈനയുടെ “അതിരുകടന്ന ആക്രമണപരമായ” നീക്കങ്ങൾക്ക് പ്രതികാരമായി അധിക തീരുവ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചൈന അപൂർവ ഭൗമധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദീകരിച്ച് ലോക രാജ്യങ്ങളിലേക്ക് കത്ത് അയച്ചതായും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു. യുഎസിൽ നിന്നുള്ള നിർണ്ണായക സോഫ്റ്റ്‌വെയറുകളുടെ കയറ്റുമതി നിയന്ത്രണങ്ങളും നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി.
















