ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്.
അമേരിക്കയുടെ സമാധാന പദ്ധതി ഗാസയെ വഞ്ചിക്കുന്നതാണെന്ന് ആരോപിച്ചാണ് തെഹ്രികെ ലബൈക് പാക്കിസ്ഥാൻ (ടിഎൽപി) പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച ടിഎല്‍പി നേതാവായ നയീം ഛാത്തയെ ഇസ്ലാമാബാദില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. ലാഹോറിലും നിരവധി നേതാക്കൾ അറസ്റ്റിലായതോടെ ആയിരക്കണക്കിന് ടിഎൽപി പ്രവർത്തകർ ഇവിടേക്ക് സംഘടിച്ചെത്തി. പിന്നീട് ഇത് കലാപത്തിലേക്ക് നീങ്ങി. അതിക്രമത്തില്‍ പരിക്കേറ്റവർക്ക് സര്‍ക്കാര്‍ വൈദ്യസഹായം നിഷേധിച്ചായി ടിഎല്‍പി നേതാവ് സാദ് റിസ്‌വി ആരോപിച്ചു.
ടിഎൽപി നേതാവ് സാദ് റിസ്വിയുടെ വീട്ടിൽ പൊലീസ് റെയിഡു നടത്തി. റിസ്വിയുടെ ഭാര്യയെയും മക്കളേയും കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനെതിരെയുണ്ടായ നടപടിയും വെടിവെപ്പും ആരുടെ ഉത്തരവനുസരിച്ചാണെന്ന് പാക്കിസ്താൻ സർക്കാർ വ്യക്തമാക്കണമെന്ന് റിസ്വി ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തെത്തുടർന്ന് ലാഹോർ-ഇസ്ലാമാബാദ്-പെഷവാർ ഹൈവേ അടച്ചിട്ടു. ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇന്റർനെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
















