വാഷിങ്ടൺ: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എഴുതിയ കത്തിലെ ആവശ്യം പരിഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 24 മണിക്കൂറിനിടെ എട്ട് കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിലെത്തിച്ചു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അഭയാർത്ഥികളായി റഷ്യയിലെത്തിയ കുട്ടികളെയാണ് റഷ്യയുടേയും യുക്രൈനിന്റെയും അധികൃതർ ചേർന്ന് അവരുടെ വീടുകളിലെത്തിച്ചത്.
അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ് ട്രംപ് പുടിന് മെലാനിയയുടെ കത്ത് നേരിട്ട് കൈമാറിയിരുന്നതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘കുട്ടികളുടെ ഹൃദയത്തിൽ ഒരേതരം സ്വപ്നങ്ങളാണുള്ളത്, അവർ സ്‌നേഹവും സുരക്ഷയും ഭാവിയും സ്വപ്നം കാണുന്നു’- കത്തിൽ മെലാനിയ എഴുതി.
തന്റെ കത്തിന് മറുപടിയായി കുട്ടികളെ യുക്രൈനിലേക്ക് തിരികെയെത്തിച്ചതായി മെലാനിയ ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. കുട്ടികളുടെ ഫോട്ടോകളും വ്യക്തി വിവരങ്ങളും അവരുടെ സാഹചര്യങ്ങളും റഷ്യൻ പ്രസിഡന്റ്‍ കൈമാറിയതായും അത് യുഎസ് പരിശോധിച്ച് സ്ഥിരീകരിച്ചതായും യുഎസ് പ്രഥമ വനിത പറയുന്നു.
മടങ്ങിയെത്തിയ എട്ട് കുട്ടികളിൽ മൂന്ന് പേർ സായുധ സേനകൾ തമ്മിലുള്ള പോരാട്ടം കാരണം അടുത്തിടെ കുടുംബങ്ങളിൽനിന്ന് വേർപെട്ട് റഷ്യയിലെത്തിയതാണെന്നാണ് മെലാനിയ പറയുന്നത്. പുടിനുമായുള്ളത് നല്ല ആശയവിനിമയ ബന്ധമെന്നാണ് മെലാനഗയ പറയുന്നത്. അതേസമയം 2022 ഫെബ്രുവരിക്ക് ശേഷം നിരവധി കുട്ടികൾ നാടുകടത്തപ്പെട്ടിട്ടുണ്ടെന്ന് യുക്രൈൻ പറയുന്നു.
















