Homepage Featured Kerala News

സ്വർണപ്പാളി വിവാദം; സ്ട്രോങ് റൂമിൽ അമിസ്കസ് ക്യൂറിയുടെ പരിശോധന

പത്തനംതിട്ട: അമിസ്കസ് ക്യൂറി കെടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമല സ്ട്രോങ് റൂമിൽ പരിശോധന നടക്കുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ അമിസ്കസ് ക്യൂറി നാളെ പരിശോധിക്കും. ശബരിമലയിൽ സ്വർണത്തിന്റെയും മറ്റു അമൂല്യ വസ്തുക്കളുടേയും കണക്കെടുപ്പിനായാണ് ഹൈക്കോടതി അമിസ്കസ് ക്യൂറിയെ നിയോഗിച്ചത്.

അതേസമയം സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കവർച്ച, ​ഗൂഡാലോചന എന്നിവയ്ക്കുള്ള വകുപ്പുകൾ ചേർത്ത് സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം കേസെടുത്തു. ശബരിമല വാതിൽ, ദ്വാരപാലക ശിൽപം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഇടപാടുകളിലും കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘ(എസ്‌ഐടി)ത്തിന് നിർദേശം നൽകിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സഹായികളും കേസിൽ പ്രതികളായേക്കും. ദ്വാരപാലക ശിൽപങ്ങളെ പൊതിഞ്ഞ സ്വർണം പൂശിയ ചെമ്പ് കവചങ്ങൾ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണ്ൻ പോറ്റി കടത്തിയിരുന്നു. ഇത് ശബരിമലയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോൾ സ്വർണത്തിൽ കുറവുണ്ടായെന്നാണ് കരുതുന്നത്.

പുറത്തു വരുന്ന വാർത്തകളനുസരിച്ച് സ്മാർട്ട് ക്രിയേഷൻ സിഇഒയും സംശയത്തിന്റെ നിഴലിലാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി തന്റെ കസ്റ്റമറാണെന്ന് സ്മാർട്ട് ക്രിയേഷൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മഹസറിൽ ദ്വാരപാലക ശിൽപങ്ങൾ ചെമ്പെന്ന് രേഖപ്പെടുത്തിയതിന് മുൻപ് ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ബാബു മുരാരിയെ നേരത്തേ ദേവസ്വം ബോർഡ് സസ്പെൻഷന്റ് ചെയ്തിരുന്നു.

കേസിൽ ദേവസ്വം ബോർഡിന് ഒന്നും മറയ്ക്കാനില്ലെന്നും നടപടികൾ ബാബു മുരാരിയിൽ മാത്രം ഒതുങ്ങില്ലെന്നും ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ അയ്യപ്പനും നിയമവും വെറുതെ വിടില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Related Posts