Kerala Lead News News

നാല് തവണ ഷാഫിയെ തല്ലി; പ്രവീണ്‍ കുമാറിന്റെ വാദം ശരിയെന്ന്, മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ സംഘർഷ വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ച തങ്ങളെ പൊലീസ് മർദ്ദിച്ചു എന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണിന്റെ വാദം സാരി വെക്കുന്ന നിലയിലാണ് മർദന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. നാല് തവണയാണ് ഷാഫിയെ തല്ലിയതെന്നും പ്രവീൺ പറഞ്ഞു.

പേരാമ്പ്ര സികെജി കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്യു ജയിച്ചിട്ട് നടന്ന ആഹ്ലാദപ്രകടനമായിരുന്നു. ആ പ്രകടനത്തിന് നേരെ പൊലീസ് നോട്ടി നില്‍ക്കേ സിപിഐഎം ആക്രമിക്കുകയും പൊലീസ് വന്ന് പ്രകടനം തടയുകയുമായിരുന്നു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. എല്‍ഡിഎഫിന്റെ പ്രകടനത്തിന് പേരാമ്പ്ര ടൗണിലൂടെ സഞ്ചരിക്കാന്‍ എസ്‌കോര്‍ട്ട് കൊടുത്ത പൊലീസ് യുഡിഎഫിന്റെ പ്രകടനം വഴിയില്‍ തടയുകയായിരുന്നു. ഞാനും ഷാഫി പറമ്പിലും ആ പരിപാടിയില്‍ പങ്കെടുക്കേണ്ടവരായിരുന്നില്ല. വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാനായിരുന്നു ഞാനും ഷാഫിയും ശ്രമിച്ചത്. അതിനിടയിലാണ് പൊലീസിന്റെ അതിക്രമം – പ്രവീണ്‍ കുമാര്‍ വിശദമാക്കി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സര്‍ജറി കഴിഞ്ഞ് ഐസിയുവില്‍ കിടക്കുകയാണ് ഷാഫി –പ്രവീൺ പറഞ്ഞു.

അതേസമയം പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം. ഗൂഢാലോചന നടത്തിയതാണെന്നും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംപിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സിപിഎമ്മിനെ ഭയപ്പെടുത്തുന്നു എന്നതിൻ്റെ തെളിവാണ് ഈ ആക്രമണമെന്നും കൂടാതെ, സംസ്ഥാനത്തെ പ്രബലമായ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. പേരാമ്പ്രയിൽ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ പ്രതികരിച്ചു. കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചു. റൂറൽ എസ്പിക്കെതിരെ രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു. ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട. ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related Posts