Kerala News

കാലിക്കറ്റ് സർവ്വകലാശാല ക്യാംപസ് അടച്ചു; നടപടി വിദ്യാര്‍ഥികളുടെ ജീവൻ രക്ഷിക്കാനെന്ന് വിസി

കോഴിക്കോട്: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ക്യംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസുകളും ഹോസ്റ്റലുകളും അടച്ചിടുമെന്നും ഹോസ്റ്റലിലുള്ളവർ എത്രയും വേ​ഗം മാറണമെന്നുമാണ് സർവകലാശാലയുടെ നിർദേശം. കഴിഞ്ഞ ദിവസം വോട്ടെണ്ണലിനിടെ ബാലറ്റു പേപ്പറുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ് – എസ്എഫ്ഐ സംഘര്‍ഷത്തില്‍ കലാശിച്ചത്.

റിട്ടേണിങ് ഓഫീസർ ഒപ്പിടാത്ത ഇരുപത്തഞ്ചോളം ബാലറ്റ് പേപ്പറുകൾ പരി​ഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവർത്തകർ ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നിർത്തിവെച്ച വോട്ടെണ്ണൽ പുനരാരംഭിച്ചപ്പോൾ യുഡിഎസ്എഫിന്റെ കൗണ്ടിങ് ഏജന്റുമാര്‍ പെട്ടിയില്‍നിന്ന് ബാലറ്റ് പേപ്പറുകള്‍ വാരിയെറിഞ്ഞതായും ഇത് തടയാൻ ശ്രമിച്ച എസ്എഫ്ഐ യുടെ കൗണ്ടിങ് ഏജന്റിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇതോടെ ഇരു വിഭാ​ഗം പ്രവർത്തകരും ഏറ്റു മുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സെമിനാര്‍ കോംപ്ലക്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇതിനിടെ പുറത്തുനിന്ന് ലീഗ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു നേരേ കല്ലെറിഞ്ഞു. പൊലീസ് എത്തുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തിൽ പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലാ സ്ഥാനാർത്ഥികളും തോൽക്കുമെന്നായപ്പോൾ യുഡിഎസ്എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. അതേസമയം എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ വ്യാജ ബാലറ്റ് പേപ്പർ കൊണ്ടുവന്നതായി യുഡിഎസ്എഫും ആരോപിക്കുന്നു. അതേസമയം സംഘർഷങ്ങൾ അവസാനിപ്പിക്കാനും വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനുമായാണ് യൂണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.

Related Posts