ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്.
6000 ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി ബഹിരാകാശത്തുള്ളത്. ഇതിൽ പ്രവർത്തിക്കാത്ത നിരവധി ഉപഗ്രഹങ്ങളുണ്ട്. ഇവ കത്തിച്ചാമ്പലാകുമ്പോൾ തീഗോളങ്ങൾ പോലെ ആകാശത്ത് കാണുന്നു. കാണാൻ ഭംഗിയുള്ള വാൽ നക്ഷത്രമോ ആകാശ വിസ്മയം പോലെയാണ് പലരും ഇത് നോക്കിക്കാണുന്നത്. ആഗോളതലത്തിൽ അതിവേഗ ഇന്റർനെറ്റ് സേവനമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർലിങ്ക് പ്രവർത്തനമാരംഭിച്ചത്. എന്നാൽ ബഹിരാകാശത്ത് ഇവ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഓരോ ദിവസവും കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും നമ്മുടെ അന്തരീക്ഷത്തില്‍ പതിക്കുന്നുണ്ടെന്നാണ് ഹാര്‍വാര്‍ഡ്-സ്മിത്ത്‌സണിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥന്‍ മകഡോവൽ പറയുന്നത്. ഉപയോഗരഹിതമായ ഉപഗ്രഹങ്ങൾ സ്റ്റാർ ലിങ്ക് തന്നെയാണ് ഭ്രമണപഥത്തിൽ നിന്ന് മാറ്റി ഭൗമ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നത്. ഇവയാണ് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി ഉരസി കത്തുന്നത്. തുടർന്ന് കനത്തചൂടിൽ ചെറു കഷണങ്ങളായി ഇവ ചിതറിപ്പോകും.
അലുമിനിയം ഓക്സൈഡ് പോലുള്ള ലോഹ കണികകൾ ഉപഗ്രഹങ്ങൾ കത്തുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നു. ഇത് ഓസോൺ പാളികളെ നശിപ്പിക്കുകയും ഭൂമിയിലേക്ക് അപകടകാരികളായ സൂര്യ രശ്മികൾ പതിക്കാനിടയാകുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
















