Lead News News World

ഇറാനിയൻ എണ്ണക്കച്ചവടത്തിൽ പങ്ക്; ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 50 സ്ഥാപനങ്ങൾക്ക് അമേരിക്കൻ ഉപരോധം

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. വ്യക്തികളും ഇന്ത്യൻ കമ്പനികളും ഉൾപ്പടെ ഏകദേശം 50 സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഉപരോധം . ഇറാനിൽ നിന്നുള്ള എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് നടപടിയെടുത്തത്.

ഇറാനിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ പെട്രോളിയവും പെട്രോളിയം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ ഉറപ്പുവരുത്തി എന്നാരോപിച്ച് 50 പേർക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഈ ഇടപാടുകൾ ഇറാനെ പിന്തുണയ്ക്കുന്നതിനൊപ്പം, അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായമായി ഉപയോഗിച്ചതായാണ് യുഎസ് ട്രഷറി വകുപ്പിന്റെ ആരോപണം.

ഉപരോധം ഏർപ്പെടുത്തിയവരിൽ ഇന്ത്യൻ പൗരന്മാരായ വരുൺ പുല, സോണിയ ശ്രേഷ്ഠ, അയ്യപ്പൻ രാജ എന്നിവർ ഉൾപ്പെടുന്നു. മാർഷൽ ദ്വീപുകളിൽ ആസ്ഥാനമായുള്ള ബെർത്ത ഷിപ്പിംഗ് ഇൻ‌കോർപ്പറേറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വരുൺ പുല. 2024 ജൂലൈ മുതൽ ചൈനയിലേക്ക് ഏകദേശം നാല് ദശലക്ഷം ബാരൽ ഇറാനിയൻ എൽപിജി കടത്തിയ കൊമോറോസ് പതാകയുള്ള പാമിർ എന്ന കപ്പൽ ഈ സ്ഥാപനത്തിന്റേതാണെന്ന് യുഎസ് വ്യക്തമാക്കി. അതേ ദ്വീപിൽ ആസ്ഥാനമായ എവി ലൈൻസ് ഇൻ‌കോർപ്പറേറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അയ്യപ്പൻ രാജ. ഇവരുടെ പനാമ പതാകയുള്ള സാപ്പയർ ഗ്യാസ് എന്ന കപ്പൽ 2025 ഏപ്രിൽ മുതൽ ഒരു ദശലക്ഷത്തിലധികം ബാരൽ ഇറാനിയൻ എൽപിജി ചൈനയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ആസ്ഥാനമായ വേഗ സ്റ്റാർ ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് സോണിയ ശ്രേഷ്ഠ. ഇവർ പ്രവർത്തിപ്പിക്കുന്ന കൊമോറോസ് പതാകയുള്ള നെപ്റ്റ എന്ന കപ്പൽ 2025 ജനുവരി മുതൽ ഇറാനിയൻ എൽപിജി പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നതായി യുഎസ് ട്രഷറി വകുപ്പ് ആരോപിച്ചു.

Related Posts